2011-04-22

പുകയിലക്കഷായവും മേമ്പൊടിയും

പാലക്കാട്ടേട്ടന്‍റെ ബ്ലോഗില്‍ "പുകയിലക്കഷായം" എന്ന പോസ്റ്റില്‍ ഇന്ന് എഴുതിയ കമന്‍റ്:

പച്ചക്കറിക്കൃഷി സത്യം പറഞ്ഞാല്‍ ഓരോ കുടുംബവും ഏറ്റെടുത്ത് നടത്തിക്കൊണ്ടുപോകേണ്ടതാണ്. ഇക്കാര്യത്തില്‍ മലയാളികള്‍ തികഞ്ഞ നന്ദികേടാണ് പുലര്‍ത്തുന്നത്. തങ്ങള്‍ക്ക് വേണ്ടതെല്ലാം മാര്‍ക്കറ്റില്‍ പോയി പണം കൊടുത്ത് വാങ്ങാം എന്ന് കരുതുന്നു. എന്നിട്ട് ഉള്ള സ്ഥലത്ത് പുല്ലും കണ്ട കാടും പടലും വളര്‍ത്തി അതിനെ താലോലിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ നിന്ന് എന്തെങ്കിലും സ്വീകരിക്കുമ്പോള്‍ അങ്ങോട്ടും എന്തെങ്കിലും തിരിച്ചു നല്‍കാന്‍ ഓരോ മനുഷ്യനും ബാധ്യസ്ഥനാണ്. കറന്‍സി നോട്ടുകളും നാണയങ്ങളും തിന്നാന്‍ പറ്റില്ലല്ലൊ. തിന്നാനുള്ളത് ആരെങ്കിലും ഉല്പാദിപ്പിക്കേണ്ടേ? പച്ചക്കറിച്ചെടികള്‍ക്കും ഇലകളും മൊട്ടുകളും പൂവുകളും ഉണ്ട്. അവയ്ക്കും ഭംഗിയുണ്ട്. എന്നാല്‍ നഴ്സറിക്കച്ചവടക്കാര്‍ തരുന്ന പൂച്ചട്ടികള്‍ വാങ്ങി വീട്ടില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ അത് വീടിന് എന്തോ ന്യൂനതയായാണ് ശരാശരി മലയാളി കരുതുന്നത്. അനുകരിക്കുക എന്നല്ലാതെ ആളുകള്‍ക്ക് സ്വന്തം തലച്ചോറ് ഉപയോഗിക്കുക എന്ന ശീലം ഇല്ലാതായി വരുന്നു. എന്ത് ചെയ്യും? ഒരു മുരിങ്ങാച്ചെടിയെങ്കിലും കേരളത്തില്‍ എല്ലാ വീടുകളിലും നട്ടിരുന്നുവെങ്കില്‍ അതിന്‍റെ ക്ഷാമം എങ്കിലും തീരുമായിരുന്നു.

ഞാനിപ്പോള്‍ മകളുടെ കൂടെയാണ് താമസിക്കുന്നത്. നിറയെ പൂച്ചട്ടികളുമുണ്ട്. മിനിടീച്ചറുടെ ബ്ലോഗ് വായിച്ചതില്‍ പിന്നെ എനിക്കും പച്ചക്കറി കൃഷിയില്‍ താല്പര്യം കലശലായി. മണ്ണിനോടും കൃഷിയോടും ചെറുപ്പം തൊട്ടേ ആഗ്രഹമുണ്ടായിരുന്നു. ആഗ്രഹം പോരല്ലൊ,ഉള്ള പറമ്പ് അന്യാധീനപ്പെട്ടുപോയിരുന്നു. ഇപ്പോള്‍ വീട്ടിലെ പൂച്ചട്ടികള്‍ ഒന്നൊന്നായി എടുത്ത് അതിലൊക്കെ വെണ്ടയും പാവയ്ക്കയും പയറും ചീരയും ഒക്കെ നട്ടുവരികയാണ്. ചാണകവും വെണ്ണീരും മണ്ണില്‍ കലര്‍ത്തിയാണ് ഞാന്‍ പൂച്ചട്ടികളില്‍ നിറയ്ക്കുന്നത്.


ജൈവകൃഷി എന്നത് ഇപ്പോഴത്തെ ഒരു ഫാഷന്‍ ചിന്തയാണ് എന്നാണ് എനിക്ക് പറയാനുള്ളത്. സ്വാഭാവികമായി കൃഷി ചെയ്യാനുള്ള പോഷകങ്ങള്‍ മേല്‍മണ്ണിലുണ്ട്. എന്നാല്‍ തുടര്‍ച്ചയായി കൃഷി ചെയ്യുമ്പോള്‍ ചില മൂലകങ്ങള്‍ മണ്ണില്‍ ഇല്ലാതാവും. അതില്‍ പ്രധാനമാണ് നൈട്രജന്‍ , ഫോസ്ഫറസ്, പൊട്ടാസിയം മുതലായവ. അങ്ങനെ മണ്ണില്‍ ഈ മൂലകങ്ങള്‍ ഇല്ലാതാവുമ്പോള്‍ NPK എന്ന കോമ്പ്ലക്സ് വളം മണ്ണിൽ ചേർത്താൽ അപ്പോൾ തന്നെ ചെടികൾക്ക് അവ വലിച്ചെടുക്കാനും സ്വാഭാവിക വളർച്ച നിലനിർത്താനും കഴിയും. ജൈവളങ്ങളിലും ഇപ്പറഞ്ഞതൊക്കെയുണ്ട്. പക്ഷെ ജൈവവളങ്ങളിലെ ഇപ്പറഞ്ഞ മൂലകങ്ങൾ ചെടികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന പരുവത്തിൽ ആകണമെങ്കില്‍ അതില്‍ സൂക്ഷ്മജീവികള്‍ പ്രവര്‍ത്തിച്ച് ലഘുതന്മാത്രകളായി വിഘടിക്കപ്പെടണം. അത് കാലതാമസം വരുന്ന ഏര്‍പ്പാടാണ്. മണ്ണില്‍ നിന്ന് നൈട്രജനോ ഫോസ്ഫറസോ ചെടി സ്വീകരിക്കുമ്പോള്‍ അതിന്‍റെ സ്രോതസ്സ് അവയ്ക്ക് പ്രശ്നമല്ല. ജൈവവളം വിഘടിച്ച് ഉണ്ടായാലോ, രാസവളത്തില്‍ നിന്ന് ലഭിച്ചാലോ നൈട്രജന്‍ നൈട്രജന്‍ തന്നെ. ഫോസ്ഫറസ് ഫോസ്ഫറസ് തന്നെ. പിന്നെ രാസവളം വിഷമാണ് എന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണ്. അത്യാവശ്യ ഘട്ടത്തില്‍ രോഗിക്ക് ഗ്ലൂക്കോസ് ഡ്രിപ്പ് നല്‍കുന്നത്പോലെയാണിതും.

കെമിക്കല്‍ എന്ന് പറഞ്ഞാല്‍ എല്ലാം വിഷമാണ് എന്നത് ഒരു മോഡേണ്‍ അന്ധവിശ്വാസമാണ്. അത്പോലെ തന്നെയാണ് കീടനാശിനിയുടെ കാര്യവും. പുകയിലക്കഷായത്തിലും ബാര്‍സോപ്പ് ചേര്‍ക്കണം എന്ന് പറയുന്നു. ബാര്‍സോപ്പ് ജൈവമല്ലല്ലൊ. കീടങ്ങളെ നശിപ്പിക്കണം എന്നതാണ് പ്രശ്നം. അതിന് അനുവദനീയമായ അളവിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചും രാസകീടനാശിനികള്‍ തളിക്കുന്നതില്‍ അപകടം ഒന്നുമില്ല. എന്ന് മാത്രമല്ല അതാണ് സുരക്ഷിതവും. ചെടികളിലാണ് കീടനാശിനി തളിക്കേണ്ടത്. പച്ചക്കറികളിലും പഴങ്ങളിലുമല്ല. വ്യാപാരതാല്പര്യങ്ങള്‍ക്ക് വേണ്ടി കീടനാശിനികള്‍ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അതാണ് തടുക്കേണ്ടത്. അല്ലാതെ കീടനാശിനികള്‍ നിരോധിക്കുകയല്ല ചെയ്യേണ്ടത്. കീടങ്ങളെ നശിപ്പിക്കാതെ കൃഷി ചെയ്യാന്‍ കഴിയില്ല. കീടനാശിനികള്‍ തളിക്കുക എന്നത് മാത്രമാണ് ഫലപ്രദമായ മാര്‍ഗ്ഗം.

പുകയിലക്കഷായം , ജൈവകീടനാശിനി എന്നൊക്കെ പറയുന്നുണ്ട്. അതൊക്കെ അടുക്കള തോട്ടത്തില്‍ മതിയാകും. എന്നാല്‍ മാര്‍ക്കറ്റില്‍ ഇക്കാണുന്ന ധാന്യങ്ങളും പച്ചക്കറികളും പയറുകളും പഴങ്ങളും എല്ലാം കര്‍ഷകരാല്‍ ഉല്പാദിപ്പിക്കപ്പെട്ട് എത്തിച്ചേരണമെങ്കില്‍ പുകയിലക്കഷായമോ ജൈവകീടനാശിനികളോ പോര. ജൈവക്കൃഷിവാദക്കാര്‍ അനാവശ്യ ഭീതി സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ്. രാസവളം ഒരു തരത്തിലും വിഷമല്ല. ചെടികള്‍ക്ക് ആവശ്യമായ റെഡിമെയിഡ് ആഹാരമാണത്. രാസകീടനാശിനികളുടെ കാര്യത്തില്‍ അളവില്‍ കൂടുമ്പോള്‍ മാത്രമാണ് അത് വിഷമാകുന്നത്. മുന്‍‍കരുതല്‍ എടുത്ത് ഉപയോഗിച്ചാല്‍ രാസകീടനാശിനികള്‍ കൊണ്ട് ഒരു ദൂഷ്യവുമില്ല. ഇതായിരുന്നു കുറച്ചു മുന്‍പ് വരെ സമൂഹത്തില്‍ നിലനിന്നിരുന്ന ആരോഗ്യകരമായ നിലപാട്. ഇപ്പോള്‍ ജൈവം എന്നും വിഷം എന്നും പറഞ്ഞ് ഭീതി പരത്തുകയാണ് പരിസ്ഥിതിവാദികള്‍. ആളുകള്‍ക്കാണെങ്കില്‍ തൊട്ടതിനും പിടിച്ചതിനും അകാരണമായ ഭയങ്ങളും.

3 comments:

Manoj മനോജ് said...

ബാര്‍ സോപ്പൊക്കെ വരുന്നതിന് മുന്‍പും പുകയില കഷായം ഉപയോഗിച്ചിരുന്നിരുന്നില്ലേ മാഷേ... അക്കാലത്ത് സോപ്പിന് പകരം അവര്‍ എന്തായിരുന്നു ഉപയോഗിച്ചിരുന്നത് എന്ന് ഒന്ന് അന്വേഷിക്കുന്നത് നല്ലതല്ലേ.. അടുത്ത തവണ ഇത് പോലെയുള്ള തെറ്റുകള്‍ തിരുത്തുമെന്ന് വിശ്വസിക്കുന്നു.. :)

Mahesh V said...

ഗ്ലൂക്കോസ് ഡ്രിപ് നല്‍കുന്ന പോലെയാണോ ഇന്ന് രാസവളം ഉപയോഗിക്കുന്നത്. ആ ഉപമ തിരിച്ചു പറഞ്ഞാല്‍, ദിവസവും മനുഷ്യന് ഗ്ലൂക്കോസ് ഡ്രിപ്പ് കൊടുത്താല്‍ പോരെ, എന്തിനാ ഭക്ഷണം ?

JAMSHEER ALI said...

Like it